ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി ആലപ്പുഴയുടെ നഗരഹൃദയത്തിൽ അരങ്ങേറിയ സാംസ്കാരിക ഘോഷയാത്ര ആവേശകരമായ ജനപങ്കാളിത്തം കൊണ്ടും വർണശബളമായ കാഴ്ചകൾ കൊണ്ടും ശ്രദ്ധേയമായി. നഗരസഭ അങ്കണം മുതൽ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ട് വരെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.
ജില്ലാ ഭരണകേന്ദ്രത്തിന്റെയും നഗരസഭയുടെയും ജില്ലാ ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ കൾച്ചറൽ കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്ര ജില്ലാ കളക്ടർ ഷാജി വി. നായർ ഫ്ലാഗ് ഓഫ് ചെയ്തു. ഓണത്തിന്റെ തനിമയും കേരളീയ കലാരൂപങ്ങളുടെ വൈവിധ്യവും നെഹ്റു ട്രോഫിയുടെ ആവേശവും ഒരുമിക്കുന്നതായിരുന്നു ഘോഷയാത്ര. തെയ്യം, പുലിക്കളി, കാവടിയാട്ടം, ഗരുഡൻ പൈറ്റ്, വഞ്ചിപ്പാട്ട് തുടങ്ങിയ പരമ്പരാഗത കേരളീയ കലാരൂപങ്ങളും ശിങ്കാരിമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും ആവേശകരമായ താളമേളങ്ങളും അമ്മൻകുടം, ബാൻഡ് സെറ്റ്, നാസിക് ധോൽ എന്നിവയും അണിനിരന്നപ്പോൾ വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികൾക്ക് അത് അവിസ്മരണീയമായ അനുഭവമായി മാറി. തുടർന്ന് മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ സാംസ്കാരിക ഘോഷയാത്രയുടെ സമാപന സമ്മേളനം നടന്നു.
ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി നാടിന്റെ ഒരുമയും സ്നേഹവും വിളിച്ചോതുന്ന ജനകീയോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ പറഞ്ഞു.
നെഹ്റുട്രോഫി വള്ളംകളി സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷയായി. നഗരസഭാ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, സ്ഥിരം സമിതി അധ്യക്ഷരായ സി. ജ്യോതിമോൾ, എൽ. മായ രാജേന്ദ്രൻ, രശ്മി കെ. തങ്കപ്പൻ, എ. എം. നൗഫൽ, എസ്. ഫൈസൽ, കൾച്ചറൽ കമ്മിറ്റി കൺവീനർ അഡ്വ.ആർ.ആർ. ജോഷി രാജ്, കൾച്ചറൽ കമ്മിറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.ജി. വിഷ്ണു , നഗരസഭാംഗങ്ങളായ ബെന്നി ജോസഫ്, ബിജി ശങ്കർ, ബീന കൊച്ചുബാവ, സാഹിലമോൾ, രാധാകൃഷ്ണൻ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ പ്രഫ. നെടുമുടി ഹരികുമാർ, എ.എൻ. പുരം ശിവകുമാർ, എബി തോമസ് എന്നിവർ പ്രസംഗിച്ചു.
നെഹ്റു ട്രോഫി ജലോത്സവത്തിനും ഓണാഘോഷത്തിനും മുന്നോടിയായി 21 വരെയും 23, 24 തീയതികളിലും ആലപ്പുഴയുടെ നഗരസായാഹ്നങ്ങളെ കലാസാന്ദ്രമാക്കുന്നതിനായി മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ വിവിധങ്ങളായ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
നെഹ്റുട്രോഫിക്ക് ഇനി മൂന്നുനാൾ
ചമ്പക്കുളം: വള്ളംകളി എന്നതിനേക്കാൾ നെഹ്റു ട്രോഫി ഒരു സാംസ്കാരിക ഉത്സവമാണ്. കുട്ടനാട്ടിലെ ജനങ്ങൾക്ക്, ഓരോ വള്ളംകളി വിജയവും നാടിന്റെ അഭിമാനത്തിന്റെ പര്യായമാണ്. വർഷം മുഴുവൻ നാട് ആഘോഷിക്കുന്ന ഒന്നാണ് നെഹ്റു ട്രോഫി വിജയം.
മൂലം വള്ളംകളി മുതൽ നെഹ്റു ട്രോഫിക്കുള്ള ഒരുക്കം ആരംഭിക്കുമായിരുന്നു. ഒന്നരമാസത്തോളം നീളും ടീം തെരഞ്ഞെടുപ്പ് മുതൽ വള്ളംകളി വരെയുള്ള ആഘോഷം. നേതൃത്വം കൊടുക്കാൻ മിടുക്കരായ സംഘാടകരും. കായലിലും കൃഷിയിടത്തിലും ജോലിയെടുക്കുന്നവർ ചുണ്ടൻ വള്ളത്തിൽ പരിശീലനം നടത്താൻ ഉച്ചകഴിഞ്ഞ് പണിനിർത്തി നേരത്തെ എത്തും. വള്ളപ്പുരയിലോ ഏതെങ്കിലും പ്രമാണിയുടെ വീട്ടിലോ ഭക്ഷണം ഒരുക്കും. നാട്ടുപ്രമാണിമാരുടെ ശേഷിക്കും മഹിമയ്ക്കും അനുസരിച്ച് മത്സരിച്ചാണ് സദ്യ നല്കുന്നത്.
ഒരു കരയെ ജാതി, മത, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഒരു ചരടിൽ കോർക്കുന്ന ഒന്നാണ് നെഹ്റു ട്രോഫി ജലമേള. നെഹ്റു ട്രോഫി വെറുമൊരു മത്സരമല്ല, കേരളത്തിന്റെ ആത്മാവിനെ ലോകത്തിന് മുന്നിൽ തുറന്നുവയ്ക്കുന്ന ഉത്സവമാണ്.
വഞ്ചിപ്പാട്ട് മത്സരം: ഇന്ന്
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ഇന്നു രാവിലെ എട്ടിന് എ.ഡി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ പതാക ഉയർത്തും. സി.കെ. സദാശിവൻ അധ്യക്ഷനാകും കെ.കെ. ഷാജു പ്രസംഗിക്കും.